ദില്ലി: ജമ്മു കശ്മീരിലെ പഹൽ?ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നും ഇതിൽ 2 വിദേശികൾ കൊല്ലപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ ശക്തമായി അപലപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും. ജമ്മു കശ്മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണെന്നും കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി എന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. മരിച്ച മഞ്ജനാഥയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ എത്തിക്കും. കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാനുള്ള ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിൽ തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് കശ്മീരിൽ ഉള്ളത്. ടൂറിസ്റ്റുകൾ ആയി കർണാടകയിൽ നിന്ന് 12 പേർ ഉണ്ടായിരുന്നു. ഒരേ സംഘത്തിൽ ഉള്ളവർ അല്ല ഇവരെന്നാണ് റിപ്പോർട്ട്. കുടുംബമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ എത്തിയത്. നാല് ദിവസം മുൻപാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ആണ് മഞ്ജുനാഥ റാവു. അതേസമയം, ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായാണ് പുതിയ വിവരം. 13 പേർക്ക് പരിക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.