പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ആദ്യ റൗണ്ടിൽ വൻ കുതിപ്പുമായി തൃണമൂൽ കോൺഗ്രസ്, അടിതെറ്റി വീണ് ബിജെപി

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തൃണമൂൽ കോൺഗ്രസ് വലിയ ലീഡ് നേടി മുന്നേറുന്നു എന്നാണ് റിപ്പോർട്ടുകൾ . 136 പഞ്ചായത്ത് സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്ത് സീറ്റുകളിലും 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 21 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മാത്രമാണ് ലീഡ് . എന്നാൽ ഇടത് സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ പരമ്പര തന്നെ ഉണ്ടായ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ജൂൺ 8 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്രമങ്ങളിൽ 36ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 65,000 പേരടങ്ങുന്ന കേന്ദ്രസേനയെയും 70,000 വരുന്ന സംസ്ഥാന പോലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

22 ജില്ലാ പരിഷത്തുകളിലുള്ള 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.2018 ൽ നടന്ന പഞ്ചായത്ത് തിരരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനായിരുന്നു മുന്നേറ്റം. അന്ന് 90 ശതമാനം പഞ്ചായത്ത് സീറ്റുകളിലും 22 ജില്ലാ പരിഷത്തുകളിലും തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത് . ബിജെപി 22 കോൺഗ്രസ് 6 ഇടത് സംഖ്യം 1 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ സീറ്റ് നില. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സെമി ഫൈനൽ ആയാണ് നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *