പക്ഷപാതമോ പേടിയോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണം; കപിൽ സിബൽ

പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി രാജ്യത്തെ കോടതികൾ മാറണമെന്നു സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിചാരണ കോടതി, ജില്ലാ കോടതി, സെഷൻസ് കോടതി എന്നിവയെ ശക്തിപ്പെടുത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദ്വിദിന ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കീഴ്ക്കോടതികൾ എന്ന നിലയിൽ ഈ കോടതികളെ കാണരുത്. നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവ. എന്റെ അഭിഭാഷക ജീവിതത്തിൽ ഇത്തരം കോടതികൾ ജാമ്യം നൽകുന്നതു വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. എന്റെ മാത്രം അനുഭവമല്ല ഇത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മേൽക്കോടതികളാണ് ഇതിന്റെ ഭാരം അനുഭവിക്കുന്നത്. ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നതു സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലാനുള്ള ഏതുശ്രമവും നമ്മുടെ ജനാധിപത്യത്തിന്റെ ഗുണമേന്മയെ ബാധിക്കും.’ കപിൽ സിബൽ പറഞ്ഞു.

പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കപിൽ സിബലിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *