‘നേരിയ അസ്വാരസ്യം മതി സർക്കാർ തകരാൻ, എൻ.ഡി.എ. സർക്കാരിലെ സഖ്യകക്ഷികളിലൊന്ന് ഞങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞു’; രാഹുൽ

നേരിയ അസ്വാരസ്യംപോലും എൻ.ഡി.എ. സർക്കാരിനെ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മറുകണ്ടംചാടാൻ തയ്യാറായിരിക്കുന്നവർ എൻ.ഡി.എയിലുണ്ടെന്നും മോദി ക്യാമ്പിൽ വലിയ അതൃപ്തി നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഈ കക്ഷിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു രാഹുൽ.

‘ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം എൻ.ഡി.എയ്ക്കെതിരെ കരുത്തുറ്റ പോരാട്ടമാണ് നടത്തിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ ബി.ജെ.പി. 240 സീറ്റിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ ഭരണത്തിലുള്ള എൻ.ഡി.എ. സഖ്യം വളരെ കഷ്ടപ്പെടും. കാരണം, 2014-ലും 2019-ലും നരേന്ദ്രമോദിയെ സഹായിച്ച ഘടകം ഇപ്പോൾ ഇല്ല’, രാഹുൽ പറഞ്ഞു.

‘കഴിഞ്ഞ പത്ത് വർഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാർട്ടി അയോധ്യയിൽനിന്ന് തൂത്തെറിയപ്പെട്ടു. മതവിദ്വേഷമുണ്ടാക്കുക എന്ന ബി.ജെ.പിയുടെ മൗലികമായ ആശയം തകരുകയാണ് യഥാർഥത്തിൽ സംഭവിച്ചത്. നീതിന്യായ സംവിധാനം, മാധ്യമങ്ങൾ തുടങ്ങി സകല സംവിധാനങ്ങളും പ്രതിപക്ഷത്തിനുമുന്നിൽ വാതിലടച്ചു. അതിനാൽ ഞങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി. ഭാരത് ജോഡോ യാത്രകളിൽനിന്ന് ലഭിച്ച ഒട്ടേറെ ആശയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു. അതെല്ലാം ഞങ്ങളുടെ ആശയങ്ങളായിരുന്നില്ല, ജനങ്ങളിൽ നിന്ന് ലഭിച്ചതാണ്’, രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *