നീറ്റ് പരീക്ഷ ക്രമക്കേട്; മഹാരാഷ്ടയിലെ രണ്ട് സ്‌കൂൾ അധ്യാപകർക്കെതിരെ കേസെടുത്തു

നീറ്റ് പരീക്ഷ ക്രമക്കേടിൽ മഹാരാഷ്ടയിലെ രണ്ട് സ്‌കൂൾ അധ്യാപകർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് അധ്യാപകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഞ്ജയ് തുക്കാറാം ജാദവ്, ജലീൽ ഉമർഖാൻ പഠാൻ എന്നിവർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലാ പരിഷത്ത് സ്കൂളുകളിൽ പഠിപ്പിക്കുകയും ലത്തൂരിൽ സ്വകാര്യ കോച്ചിങ് സെൻ്ററുകൾ നടത്തുകയും ചെയ്യുന്നവരാണ് ഇരുവരും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ജലീൽ ഉമർഖാൻ പഠാനെ ഇന്നലെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം സഞ്ജയ് തുക്കാറാം ജാദവ് ഒളിവിലാണ്.

നിരവധി വിദ്യാർഥികളുടെ അഡ്‌മിറ്റ് കാർഡുകളും വാട്‌സ്ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല രണ്ട് പേരുടെയും ഫോൺ കോളുകൾ പരിശോധിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഡൽഹി ആസ്ഥാനമായുള്ള ഗംഗാധർ എന്നയാൾക്കും ഇതിൽ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നന്ദേഡിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ ഗംഗാധർ, ഇരണ്ണ കൊംഗൽവാർ എന്നിവരുടെ പേരുകളും ഉണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *