നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാര്‍, ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല; വിദേശകാര്യമന്ത്രാലയ വക്താവ്

നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാരെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അനുകൂലമായ ആദ്യ അവസരത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ അഞ്ച് വിമാനങ്ങളിലായി 1,200 പേരെയാണ് ഇന്ത്യ ഇസ്രയേലില്‍നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 18 നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെയാണിത്.

അതേസമയം പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പലസ്തീൻ പ്രസിഡന്റിനോട് സംസാരിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഗാസയിലെ ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മേഖലയിലെ സുരക്ഷാ സ്ഥിതിയിലും ഭീകരവാദത്തിലും മോദി ആശങ്ക അറിയിക്കുകയും ചെയ്തു. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലമായുള്ള നിലപാട് ആവർത്തിച്ചു എന്നും മോദി വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *