നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രം

നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തടയണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് കത്തില്‍ പറയുന്നത്.

ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്‍ക്കുന്നതും തടയും.ഇവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി മുദ്രവെക്കും.

നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ മരണവും ഗുരുതരപരിക്കും കൂടുന്നത് നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ മൂലമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.

എ.ഐ. ക്യാമറകള്‍ വരികയും പരിശോധന ശക്തമാവുകയും ചെയ്തതോടെ പിഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മെറ്റ് ധരിക്കുന്നത് ശീലമാക്കിയവരുണ്ട്. പാതയോരത്തുനിന്നും കടകളില്‍നിന്നും നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ വാങ്ങിവെച്ച് പോകുന്നവരാണ് ഏറെയും.

ഹെല്‍മെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പി ധരിക്കുന്നവരുമുണ്ട്. മോട്ടോര്‍വാഹന വകുപ്പ്, ട്രാഫിക് പോലീസ്, അളവുതൂക്ക വിഭാഗം എന്നിവയ്ക്ക് ഹെല്‍മെറ്റുകളുടെ ഗുണനിലവാരംകൂടി പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള നിര്‍ദേശം ജില്ലാഭരണകൂടം നല്‍കിക്കഴിഞ്ഞു.

ബി.ഐ.എസ്., ഐ.എസ്.ഐ. നിലവാരമുണ്ടെന്ന മുദ്ര ഉണ്ടായിരിക്കണം. ഐ.എസ്. 4151:2015 സര്‍ട്ടിഫിക്കേഷന്‍ ഉണ്ടാകണം. വ്യാജ ഐ.എസ്.ഐ. മുദ്രയല്ലെന്ന് ഉറപ്പാക്കണം. ഹെല്‍മെറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തു തലയ്ക്ക് സുരക്ഷ നല്‍കുന്നതാവണം. വായുസഞ്ചാരം ഉറപ്പാക്കണം. തല മുഴുവന്‍ മൂടുന്നവയാണ് കൂടുതല്‍ സുരക്ഷ നല്‍കുക. 1,200 മുതല്‍ 1,350 ഗ്രാംവരെ ഭാരമുള്ളവയാണ് അനുയോജ്യം.

Leave a Reply

Your email address will not be published. Required fields are marked *