നിയമസഭാ സമ്മേളനത്തിനിടെ മൊബൈലില്‍ അശ്ലീല വിഡിയോ കണ്ട് ബിജെപി എംഎല്‍എ; വ്യാപക വിമര്‍ശനം

നിയമസഭാ സമ്മേളനത്തിനിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ബിജെപി എംഎല്‍എയുടെ ദൃശ്യങ്ങള്‍ വൈറല്‍. ത്രിപുരയിലെ ബാഗ്ബസ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ജാദവ് ലാന്‍ നാഥ് ആണ് സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനിടെ ഫോണില്‍ അശ്ലീലവിഡിയോ കണ്ടത്. എംഎല്‍എയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവം. സ്പീക്കറും മറ്റ് എംഎല്‍എമാരും സംസാരിക്കുമ്പോഴാണ് ഇതുശ്രദ്ധിക്കാതിരുന്ന എംഎല്‍എ ഫോണില്‍ വിഡിയോ കണ്ടത്. ജാദവ് നാഥിന്റെ സീറ്റിന് പിറകിലിരുന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോയില്‍, അശ്ലീല ദൃശ്യങ്ങളുടെ ക്ലിപ്പുകള്‍ എംഎല്‍എ സ്‌ക്രോള്‍ ചെയ്യുന്നത് കാണാം. സംഭവത്തില്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം ആരോപണങ്ങളോട് ജാദവ് നാഥ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സമ്മേളനം അവസാനിച്ചയുടന്‍ അദ്ദേഹം നിയമസഭാ പരിസരത്ത് നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

നിയമസഭയ്ക്കുള്ളില്‍ എംഎല്‍എമാര്‍ അശ്ലീല ദൃശ്യം ഫോണില്‍ കണ്ട സംഭവങ്ങള്‍ ഇതിനുമുന്‍പുമുണ്ടായിട്ടുണ്ട്. 2012ല്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ നിയമസഭയ്ക്കുള്ളില്‍ വച്ച് അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. മന്ത്രിമാരായ ലക്ഷ്മണ്‍ സവാദി, സിസി പാട്ടീല്‍ എന്നിവരായിരുന്നു രാജിവച്ചത്. പിന്നീട് ഇവരെ പാര്‍ട്ടി തന്നെ തിരിച്ചെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *