ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കും; പുതിയ സംവിധാനം തെരഞ്ഞെടുപ്പിന് മുമ്പെന്ന് നിതിൻ ​ഗഡ്കരി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുനമപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി. വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരും. ഉപ​ഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഉപ​ഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുക.

ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന തരത്തിലായിരിക്കും സംവിധാനം പ്രവർത്തിക്കുക. ടോൾ ബൂത്തുകളിലെ സമയനഷ്ടവും ഇന്ധനനഷ്ടവും ഇല്ലാതാക്കി യാത്ര സു​ഗമമാകാൻ പ​ദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതകളിൽ വാഹനം സഞ്ചരിക്കുന്ന ഭാ​ഗത്തെ ടോൾ മാത്രമാകും ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.

ഫാസ്ടാഗുള്ള വാഹനങ്ങള്‍ നൂറ് മീറ്റര്‍ ദൂരം കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ 2021ല്‍ അറിയിച്ചിരുന്നു. പത്ത് സെക്കന്‍റില്‍ അധികം ഒരു വാഹനത്തിനും ടോള്‍ ബൂത്തുകളില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ വേണ്ടിയുള്ള പുതിയ നിര്‍ദ്ദേശങ്ങളിലാണ് ഈ തീരുമാനം. ഇതിനായി നൂറ് മീറ്റര്‍ ദൂരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങള്‍ ഇടുമെന്നും നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് ശേഷം വാഹനം കാത്തുനില്‍ക്കേണ്ടതില്‍ കാര്യമായ കുറവുണ്ടായതായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി. 2021 ഫെബ്രുവരിയിലാണ് കാഷ്ലെസ് രീതിയിലേക്ക് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ടോളുകള്‍ പൂര്‍ണമായി മാറിയത്. ഫാസ്ടാഗ് ഉപയോഗിച്ച് മാത്രമുള്ള പ്രവര്‍ത്തനം 96 ശതമാനമായെന്നും ദേശീയപാത അതോറിറ്റി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *