ദില്ലിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി

ദില്ലിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശം കിട്ടിയത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കുട്ടിക്ക് കൗൺസിലിം​ഗ് നൽകി വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തുകയും വാർത്ത വൻ ആശങ്കക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

രാജ്യ തലസ്ഥാന മേഖലയിലെ നൂറിലേറെ സ്കൂളുകൾക്കാണ് കഴിഞ്ഞദിവസം ഭീഷണി സന്ദേശം കിട്ടിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും വ്യാജ സന്ദേശം അയച്ചതാരെന്ന് അന്വേഷണം തുടങ്ങിയെന്നും ദില്ലി പോലീസ് അറിയിച്ചിരുന്നു. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ വ്യാജ സന്ദേശമെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് ദില്ലിയിൽ പരിഭ്രാന്തി പടർത്തി കൊണ്ട് സ്വകാര്യ സ്കൂളുകളിൽ ബോംബ് വച്ചതായുള്ള ഇമെയിൽ സന്ദേശം ലഭിച്ചത്. ദില്ലിയിലും അടുത്തുളള നോയിഡ, ഫരീദബാദ് എന്നിവിടങ്ങളിലെയും സ്കൂളുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. സ്കൂകളിൽ എത്തിയ വിദ്യാർഥികളെ തിരികെ അയച്ചാണ് പോലീസെത്തി പരിശോധന നടത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *