ദാവൂദ് ഇബ്രാഹിം മരിച്ചോ..? പാക്കിസ്ഥാനിൽ 2 ദിവസമായി ഇന്റർനെറ്റ് തടസം, സോഷ്യൽമീഡിയയും നിശ്ചലം

ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾക്കിടെ, പാകിസ്ഥാനിൽ ഇന്റർനെറ്റ് തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് മുതലാണ് ഇന്റർനെറ്റിന് തടസ്സം നേരിട്ടുതുടങ്ങിയത്. ഇതോടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനാകുന്നില്ല. ദാവൂദ് സംഭവം പുറത്തുപോകാതിരിക്കാനാണ് ഇന്റർനെറ്റ് തടസ്സെമെന്നും സൂചനയുണ്ട്. യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ പാകിസ്ഥാനിൽ നിശ്ചലമായ അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് അധോലോക നേതാവ് വിഷം ഉള്ളിൽച്ചെന്ന് അതീവ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം പുറത്തുവന്നത്.

ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യം പാക് അധികൃതർ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാനിലെ അപ്രഖ്യാപിച ഇന്റർനെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ വിർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നും ആരോപണമുണ്ട്. ഇമ്രാൻ ഖാൻ അനുയായികളെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുന്നത് തടയുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പിടിഐ ആരോപിച്ചു. ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റെന്നതും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നതും ഉൾപ്പെടെയുള്ള ഒരു വിവരവും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ഈ റിപ്പോർട്ടുകൾ തന്നെ പറയുന്നുണ്ട്. ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നതോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ എവിടെയും ലഭ്യമായിട്ടുമില്ല.

‘രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവൻ ദാവൂദിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥർക്കും അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.’ – റിപ്പോർട്ട് പറയുന്നു. അതേസമയം ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിക്കാൻ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. ദാവൂദിന്റെ ബന്ധുക്കളായ അലിഷാ പർക്കർ, സാജിദ് വാംഗ്ലെ എന്നിവരിൽ നിന്ന് വിവരം തേടാനാണ് പൊലീസിന്റെ ശ്രമം. ദാവൂദ് ഇബ്രഹീം രണ്ടാം വിവാഹത്തിന് ശേഷം കറാച്ചിയിൽ താമസിക്കുകയാണെന്ന് സഹോദരി ഹസീന പർക്കർ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *