ദക്ഷിണേന്ത്യൻ കുടുംബങ്ങൾ രണ്ടിൽ കൂടുതൽ കുട്ടികളെക്കുറിച്ച് ചിന്തിക്കണം: ചന്ദ്രബാബു നായിഡു

ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. സന്താനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദമ്പതികളോട് ആഹ്വാനം ചെയ്ത അദ്ദേഹം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് മാത്രമേ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവുകയുള്ളൂവെന്ന തരത്തില്‍ നിയമം പാസാക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച അമരാവതിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന പഴയ നിയമം ഞങ്ങള്‍ റദ്ദാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ യോഗ്യതയുണ്ടാവൂ എന്ന നിയമം ഞങ്ങള്‍ കൊണ്ടുവരും”- അദ്ദേഹം പറഞ്ഞു. യുവതലമുറ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയതോടെ പല ജില്ലകളിലും ഗ്രാമങ്ങളിലും പ്രായമായവർ മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശരാശരി ജനസംഖ്യാ വളർച്ച 1950 കളിൽ 6.2 ശതമാനത്തിൽ നിന്ന് 2021 ൽ 2.1 ആയി കുറഞ്ഞുവെന്നും ആന്ധ്രാപ്രദേശിൽ ഇത് 1.6 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“2047ന് ശേഷം ആന്ധ്രാപ്രദേശിൽ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ഉണ്ടാകും. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് ഇതിനകം സംഭവിക്കുന്നു. കൂടുതൽ കുട്ടികളുണ്ടാവുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന ആവശ്യവുമായി നായിഡു രംഗത്തുവരുന്നത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന സമയത്തും, സംസ്ഥാനത്ത് പ്രായമുള്ളവരുടെ എണ്ണം വർധിക്കുന്നുവെന്ന വാദത്തിന്റെ പിൻബലത്തിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നായിഡു രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *