തേജസ്വിക്കൊപ്പം ഒരേ വിമാനത്തിൽ നിതീഷ് ഡൽഹിയിലേയ്ക്ക്; പ്രതികരിക്കാതെ നിതീഷ്

ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക്. ഒരാൾ എൻഡിഎ യോഗത്തിൽ പങ്കെടുക്കാനാണെങ്കിൽ മറ്റേയാൾ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുക്കാനാണ് യാത്ര തിരിച്ചത്.

കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകാത്ത ബിജെപിയും കേവലഭൂരിപക്ഷത്തിന് 38 സീറ്റ് കുറവുള്ള ഇന്ത്യാ സഖ്യവും ജെഡിയു, ടിഡിപി പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കത്തിലാണ്. ഇതിനിടെയാണ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തേജസ്വിക്കൊപ്പം നിതീഷിന്റെ വിമാന യാത്രയെന്നത് ശ്രദ്ധേയം.

നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ ശരദ് പവാറടക്കമുള്ള നേതാക്കൾ ശ്രമിച്ചുവെന്ന് നേരത്തെ മുതൽ അഭ്യൂഹമുയർന്നിരുന്നു. അതേസമയം, ജെഡിയു ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാറിന്റെ അടുത്ത അനുയായി കെ.സി. ത്യാഗി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കർമാരിൽ ഒരാളാണ് നിതീഷ് കുമാർ. രണ്ടാമത്തെയാൾ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവാണ്. നായിഡു ഇതിനകം എൻഡിഎയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും നിതീഷ് കുമാർ നേരിട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *