തെലങ്കാനയിൽ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ തുഷാർ: തെലങ്കാന മുഖ്യമന്ത്രി

തെലങ്കാനയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആർഎസ്) നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് പിടികൂടിയ സംഭവത്തെ പരാമർശിച്ച കെസിആർ, നാല് എംഎൽഎമാരെ നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞു.

തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെയും അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച കെസിആർ, എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രത്യേക വാർത്താസമ്മേളനം വിളിച്ചാണ് കെസിആർ വിഡിയോ പുറത്തുവിട്ടത്. വിഡിയോ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ഉന്നത ജഡ്ജിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമിത് എന്നിവരെയാണു പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *