തെരഞ്ഞെടുപ്പിൽ തോറ്റത് 238 തവണ; ഇത്തവണയും കളത്തിലിറങ്ങി കെ.പദ്മരാജൻ

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ, ഇത്തവണയും കെ പദ്മരാജന്‍ മത്സരിക്കുന്നുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചു കാണും? തെരഞ്ഞെടുപ്പ് ചരിത്രം അറിയാത്ത ചിലരെങ്കിലും ആരാണ് പദ്മരാജന്‍ എന്ന മറുചോദ്യം ചോദിക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് എന്നാല്‍ പദ്മരാജന് ജീവവായു പോലെയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍.

തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ 1988 മുതലാണ് തെരഞ്ഞെടുപ്പില്‍ പോരാട്ടം തുടങ്ങിയത്. ടയര്‍ റിപ്പയര്‍ ഷോപ്പ് ഉടമയായ ഈ 65കാരനെ നോക്കി തുടക്കത്തില്‍ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ സാധാരണക്കാരനും തെരഞ്ഞെടുപ്പിന്റെ ഭാഗഭാക്കാവാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നായിരുന്നു പദ്മരാജന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നത്. എന്നാല്‍ പദ്മരാജന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. തോല്‍വിയെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു സ്ഥാനാര്‍ഥി കൂടിയാണ് പദ്മരാജന്‍. തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി തുടങ്ങി പ്രമുഖര്‍ക്കെതിരെയെല്ലാം അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ആരാണ് എതിര്‍ സ്ഥാനാര്‍ഥി എന്ന് നോക്കാറില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതാണ് പ്രധാനമെന്നും പദ്മരാജന്‍ പറയുന്നു.

മൂന്ന് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് രംഗത്തുള്ള പദ്മരാജന്‍ ലക്ഷങ്ങള്‍ ഇതിനോകം തന്നെ ചെലവഴിച്ചു കഴിഞ്ഞു. 2011 തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രകടനം. അന്ന് 6273 വോട്ടാണ് പദ്മരാജന്‍ പിടിച്ചത്. തെരഞ്ഞെടുപ്പ് രാജാവ് എന്ന് അറിയപ്പെടുന്ന പദ്മരാജന്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരെ വിവിധ തലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *