‘തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് തോറ്റതിൽ വിഷമമില്ല, അവിടെ ഒരു വീട് വാങ്ങി’; സ്മൃതി ഇറാനി

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ പ്രധാന മണ്ഡലത്തിലമായ അമേഠിയയിലെ തോൽവിയിൽ താൻ നിരാശയല്ലെന്ന് ബി.ജെ.പി നേതാവ് സ്മൃതി ഇറാനി. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി 2024ൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയോട് തോറ്റിരുന്നു.

”തെരഞ്ഞെടുപ്പുകൾ വരും, പോകും, അമേഠിയിൽ നിന്ന് തോറ്റതിൽ എനിക്ക് വിഷമമില്ല. 1 ലക്ഷം കുടുംബങ്ങൾ ഇപ്പോൾ സ്വന്തം വീടുകളിൽ താമസിക്കുന്നു. 80,000 വീടുകളിൽ ഇപ്പോൾ വൈദ്യുതിയുണ്ട്, രണ്ട് ലക്ഷം കുടുംബങ്ങൾക്ക് ആദ്യമായി ഗ്യാസ് സിലിണ്ടറുകൾ ലഭിച്ചു ഇതാണ് എന്റെ യഥാർത്ഥ വിജയം’ സ്മൃതി പോഡ്കാസ്റ്റിൽ പറഞ്ഞു. എംപിയെ അമേഠിയിൽ കാണാറില്ലെന്ന് മുൻപ് ആരോപണങ്ങളുണ്ടായിരുന്നെങ്കിലും മണ്ഡലം ഒരിക്കലും അവഗണിക്കപ്പെടുന്നില്ലെന്ന് താൻ ഉറപ്പുവരുത്തിയിരുന്നതായും അവിടെ ഒരു വീട് വാങ്ങിയതായും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

‘2014 മാർച്ച് 22 ന് രാത്രി 11 മണിക്ക് രാജ്നാഥ് സിംഗ് വിളിച്ച് അമേഠിയിലേക്ക് പോകണമെന്നും മത്സരിക്കണമെന്നും ആവശ്യപ്പെട്ടു. ഒന്നും പറയാതെ ആ വെല്ലുവിളി ഏറ്റെടുത്തു. അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് റോഡുകൾ പോലുമില്ലാത്ത 40 ഗ്രാമങ്ങളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഞാൻ ഒരു ലക്ഷം കുടുംബങ്ങൾക്ക് വീടും 3.5 ലക്ഷം ശൗചാലയങ്ങളും 4 ലക്ഷം പേരെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുമായി ബന്ധിപ്പിച്ചു” സ്മൃതി ഇറാനി അവകാശപ്പെട്ടു.

1.6 ലക്ഷത്തിലധികം വോട്ടുകൾക്കാണ് അമേഠിയിൽ കന്നിയങ്കത്തിനിറങ്ങിയ കെ.എൽ ശർമ ഇറാനിയെ പരാജയപ്പെടുത്തിയത്. 2019ൽ രാഹുൽ ഗാന്ധിയെ സ്മൃതി തോൽപ്പിച്ചപ്പോൾ നേടിയതിന്റെ മൂന്നിരട്ടി മാർജിനിലായിരുന്നു ശർമയുടെ മിന്നുന്ന ജയം.

ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ എന്ന ഊഹാപോഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ജനങ്ങളെ സേവിക്കുന്നത് എല്ലായ്‌പ്പോഴും ഒരു പദവിയാണെന്ന് ഇറാനി പറഞ്ഞു.’ജനങ്ങളെ സേവിക്കുക എന്നത് എല്ലായ്പ്പോഴും ഒരു പദവിയാണ്, ഞാൻ മൂന്ന് തവണ എംപിയും അഞ്ചോ ആറോ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ഞാൻ ബി.ജെ.പി മഹിളാ മോർച്ചയുടെ അധ്യക്ഷയും പാർട്ടി ദേശീയ സെക്രട്ടറിയുമായിരുന്നു,’ സ്മൃതി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *