തിരുപ്പതി ലഡു വിവാദം; വിശ്വാസികളോട് ‘വിശുദ്ധി’ പാലിക്കണമെന്ന് ക്ഷേത്ര അധികൃതര്‍

തിരുപ്പതി ലഡു വിവാദത്തിനു പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങളിൽ വിശ്വാസികൾ കൊണ്ടുവരുന്ന പ്രസാദത്തിന് നിയന്ത്രണം. നിവേദ്യമായി സമർപ്പിക്കാൻ വിശ്വാസികൾ കൊണ്ടുവരുന്ന മധുരപലഹാരങ്ങളും മറ്റ് പാകംചെയ്ത വസ്തുക്കളും ഇനി ക്ഷേത്രത്തിൽ സ്വീകരിക്കില്ല.

പകരമായി പഴങ്ങൾ, ഡ്രൈഫ്രൂട്ടുകൾ, നാളികേരം എന്നിവകൊണ്ടുവരാമെന്നാണ് ക്ഷേത്രം അധികാരികളുടെ തീരുമാനം. വസ്തുക്കളുടെ ‘വിശുദ്ധി’ വിഷയമായതിനാലാണ് ഈ നീക്കമെന്നാണ് ക്ഷേത്രം അധികാരികളുടെ പക്ഷം.

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന വിവാദത്തിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ പ്രമുഖ ക്ഷേത്രങ്ങളായ അലോപ് ശങ്കരി ദേവി, ബഡേ ഹനുമാൻ തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.

പ്രയാഗ്‌രാജിലെ ക്ഷേത്ര അധികൃതർ ചേർന്ന് നടത്തിയ യോഗത്തിൽ പ്രസാദമായി മധുരമോ മറ്റ് പാകം ചെയ്ത ആഹാരങ്ങളോ സ്വീകരിക്കേണ്ടതില്ലെന്നും പകരം, നാളികേരം, പഴവർഗങ്ങൾ, ഡ്രൈഫ്രൂട്ട്.. തുടങ്ങിയവ സമർപ്പിക്കാമെന്നും തീരുമാനിച്ചതായി ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വിശ്വാസികൾക്ക് പ്രസാദം സമർപ്പിക്കാൻ പ്രത്യേക വഴിയൊരുക്കുമെന്നും ശുദ്ധമായ മധുരപലഹാരങ്ങൾ ലഭിക്കുന്ന കടകൾ ക്ഷേത്രത്തോട് ചേർന്ന് ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *