തിരുപ്പതിയിൽ കൂടുതൽ പുലികളെന്ന് സ്ഥിരീകരണം; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും

തിരുപ്പതി തിരുമല–അലിപിരി നടപ്പാതയിൽ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്. തീർഥാടകർക്ക് നേരെ പുലിയുടെ ആക്രമണം വർധിച്ചുവരുന്നത് തിരുമല തിരുപ്പതി ദേവസ്ഥാനത്തെയും (ടിടിഡി) വനംവകുപ്പിനെയും കൂടുതൽ ആശങ്കയിലാക്കുകയാണ്. ടിടിഡിയും വനംവകുപ്പും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു.

അതേസമയം, മൂന്ന് ദിവസം മുൻപ് അലിപിരി നടപ്പാതയിൽ ആറുവയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ തിങ്കളാഴ്ച രാവിലെയാണ് പുലി കുടുങ്ങിയത്. ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപത്താണ് പുലി കൂട്ടിലകപ്പെട്ടത്. ഇതേ സ്ഥലത്തുവച്ചാണ് മാതാപിതാക്കൾക്കൊപ്പം നടന്നുപോകവെ വെള്ളിയാഴ്ച കുട്ടിയെ പുലി ആക്രമിച്ചത്.

പിടികൂടുന്നതിനിടെ പരുക്കേറ്റ പുലിയെ വെങ്കിടേശ്വര മൃഗശാലയിൽ ചികിത്സയ്ക്ക് വിധേയമാക്കി. പിടകൂടിയ പുലിയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു ടിടിഡി എക്സിക്യുട്ടീവ് ഓഫിസർ എ.വി.ധർമ റെഡ്ഡി അറിയിച്ചു. വിശ്വാസികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *