തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 5 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

ചെന്നൈയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം. ചെന്നൈ – തിരുപ്പതി ദേശീയപാതയിൽ വച്ച് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആകെ ഏഴു വിദ്യാർഥികളാണ് കാറിൽ യാത്ര ചെയ്തിരുന്നത് പൊലീസ് അറിയിച്ചു. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

അപകടം നടന്ന ഉടൻ സമീപവാസികൾ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അവധിക്ക് ശേഷം ചെന്നൈയിലെ കോളജിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ചെന്നൈ– തിരുപ്പതി ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *