തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരായ ഹൈക്കോടതി പുന:പരിശോധന; സുപ്രീംകോടതിയെ സമീപിക്കാൻ ഡിഎംകെ

തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള മദ്രാസ് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡിഎംകെ. എഐഎഡിഎംകെയുടേയും ബിജെപിയുടേയും മുൻ മന്ത്രിമാര്‍ക്കെതിരായ കേസുകളിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സമാന നടപടി സ്വീകരിക്കുന്നില്ലെന്നും ചില കേസുകൾ മാത്രം

പ്രത്യേകം തെരഞ്ഞെടുക്കുകയാണെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി പ്രതികരിച്ചു. ചില മന്ത്രിമാർക്കെതിരെ മാത്രം നടപടികളിലേക്ക് നീങ്ങുന്നതിന്റെ കാരണമെന്താണെന്ന് സുപ്രീംകോടതിക്ക് മനസിലാകും. ജ.വെങ്കിടേഷ് സ്വമേധയാ എടുത്ത പല നടപടികളും സുപ്രീം കോടതി മുമ്പ് തള്ളിയിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജിക്ക് പിഴവ് പറ്റിയെങ്കിൽ മന്ത്രിമാരെ കുറ്റപ്പെടുന്നത് എന്തിനാണെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി ചോദിച്ചു.

2006 നും2011 നും ഇടയിൽ കരുണാനിധി മന്ത്രിസഭയിൽ അംഗങ്ങളായിരിക്കേ, മന്ത്രിമാരായ തങ്കം തെന്നരശും കെകെഎസ്എസ്ആര്‍ രാമചന്ദ്രനും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജയലളിത സര്‍ക്കാരിന്‍റെ കാലത്ത് വിജിലൻസ് കുറ്റപത്രം നൽകിയതാണ്. എന്നാൽ ഇരുവരുടയെും സ്വത്ത് കണക്കുകൂട്ടിയതിൽ പിഴവുണ്ടായെന്ന് കാണിച്ച് സ്റ്റാലിന്‍ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് കോടതിയിലെത്തി. പുതിയ കണക്കുകള്‍ അംഗീകരിച്ച് ജില്ലാ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *