തക്കാളി വിറ്റ് കോടികൾ കൊയ്ത് കർഷകൻ; ലോട്ടറി അടിച്ച പോലെയെന്ന് പ്രതികരണം

രാജ്യത്ത് തക്കാളി വില കുതിച്ച് ഉയർന്നതോടെ വൻ ലാഭമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ തക്കാളി വിറ്റ് ഒന്നരക്കോടിയോളം രൂപ കർഷകന് ലാഭം ലഭിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൂനെയിൽ നിന്നുള്ളൊരു മറ്റൊരു കർഷകൻ തക്കാളി വിറ്റ് 2.8 കോടി ലാഭം നേടിയിരിക്കുന്നത് . 36 കാരനായ ഈശ്വർ ഗയകറാണ് തക്കാളി വിറ്റ് താൻ കോടിപതിയായെന്ന സന്തോഷം പങ്കുവെച്ചത്

പൂനയിലെ ജുന്നർ താലൂക്കിൽ നിന്നുള്ള കർഷകനാണ് ഈശ്വർ ഗയകർ. തക്കാളിയിൽ നിന്നും താൻ ലാഭം ഉണ്ടാക്കിയത് വെറും ഒരു ദിവസം കൊണ്ടല്ലെന്ന് ഈശ്വർ പറയുന്നു. ‘ 12 ഏക്കർ പാടത്ത് കഴിഞ്ഞ ഏഴ് വർഷമായി ഞാൻ തക്കാളിയാണ് കൃഷി ചെയ്യുന്നത്. പലപ്പോഴും വലിയ നഷ്ടം തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും പിന്തിരിയാൻ തോന്നിയില്ല. 2021 ൽ എന്റെ നഷ്ടം 20 ലക്ഷം രൂപയായിരുന്നു’,ഗയകർ പറഞ്ഞു.

’12 ഏക്കർ പാടത്ത് നിന്ന് വിളവെടുത്ത 17000 പെട്ടി തക്കാളിയാണ് ഞാൻ ഇതുവരെ വിറ്റത്. ഒരു പെട്ടിക്ക് 770 മുതൽ 2311 വരെ തുക ലഭിച്ചിട്ടുണ്ട്. അങ്ങനെ ആകെ 2.8 കോടി ഇതുവരെ ലഭിച്ചു. ഇനി 3000-4000 പെട്ടികൾ വിൽക്കാനുണ്ട്. അപ്പോൾ എനിക്ക് 3.5 കോടി വരെ ലാഭം ലഭിക്കും’, ഗയകർ പറഞ്ഞു.’കിലോയ്ക്ക് വെറും 30 രൂപ കിട്ടുമെന്ന് മാത്രം കരുതിയാണ് തക്കാളി ഇത്തവണ കൃഷി ചെയ്തത്. എന്നാൽ ഇതൊരു ബംബർ ലോട്ടറി പോലെയാണ് തോന്നുന്നതെന്നും ഗയകർ കൂട്ടിച്ചേർത്തു. മുൻപ് 1 ഏക്കർ പറമ്പിൽ മാത്രമാണ് തക്കാളി കൃഷി ചെയ്തിരുന്നത്. എന്നാൽ തൊഴിലാളികളെ കിട്ടി തുടങ്ങിയതോടെ പിന്നീട് കൃഷി 12 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തക്കാളിയെ കൂടാതെ ഉള്ളിയും പൂക്കളും ഗയകർ കൃഷി ചെയ്യുന്നുണ്ട്.

അതേസമയം തക്കാളി വില കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ കേന്ദ്രം ഇടപെട്ടതോടെ വിലക്കുറിവിൽ തക്കാളി ലഭിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം ഡൽഹിയിൽ കിലോയ്ക്ക് 80 രൂപയ്ക്കായിരുന്നു തക്കാളി വിറ്റത്. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ വലിയ തോതില്‍ വിലക്കയറ്റമുണ്ടായ മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും നാഫെഡും എന്‍സിസിഎഫും ചേർന്ന് സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *