ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയെ കാറിൽ വലിച്ചിഴച്ച സംഭവം; വിഡിയോ ദൃശ്യങ്ങൾ പുറത്ത്

ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെ മദ്യലഹരിയിൽ ആക്രമിച്ച കാർ ഡ്രൈവർ, 15 മീറ്ററോളം കാറിൽ വലിച്ചിഴച്ചെന്ന പരാതിക്ക് ആധാരമായ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സ്ത്രീസുരക്ഷ നേരിട്ടു ബോധ്യപ്പെടാൻ പുലർച്ചെ പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു അതിക്രമം. ഇന്നലെ പുലർച്ചെ 3 മണിക്കു നടന്ന സംഭവത്തിൽ പ്രതിയായ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. വഴിയരികിൽനിന്ന് സ്വാതി മലിവാൾ കാർ ഡ്രൈവറുമായി സംസാരിക്കുന്നതും പിന്നീട് അടുത്തുചെന്ന് അയാളെ പിടികൂടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

സ്വാതി മലിവാളും വനിതാ കമ്മിഷനിലെ ഉദ്യോഗസ്ഥരും ഒരുമിച്ചാണു പരിശോധനയ്ക്കിറങ്ങിയത്. സ്വാതി മറ്റുള്ളവരിൽനിന്നു മാറി ഒറ്റയ്ക്കു നിൽക്കുമ്പോൾ മുന്നിൽ വാഹനം നിർത്തിയ ‍ഡ്രൈവർ കാറിൽ കയറാൻ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതോടെ കാർ മുന്നോട്ടെടുത്തെങ്കിലും തിരിച്ചെത്തി വീണ്ടും കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഇതോടെ ഡോറിനു സമീപമെത്തി ഡ്രൈവറെ പിടികൂടാൻ സ്വാതി ശ്രമിച്ചു. പൊടുന്നനെ ഡ്രൈവർ ഡോറിന്റെ ചില്ലുയർത്തുകയും കയ്യിൽ ബലമായി പിടിക്കുകയും ചെയ്തു. ഇതോടെ കൈ ഉള്ളിൽ കുടുങ്ങിയ സ്വാതിയെ വലിച്ചിഴച്ച് 15 മീറ്ററോളം മുന്നോട്ടുപോയ ശേഷം കാറുമായി ഡ്രൈവർ കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ ഡ്രൈവർ സംഗം വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) പിടിയിലായത്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഡൽഹി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *