ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ. വികാസ്പുരി മണ്ഡലത്തിൽ വോട്ടെണ്ണൽ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ സിപിഐക്ക് ലഭിച്ചത് 104 വോട്ടുകളാണ്. കരാവല്‍ നഗര്‍ മണ്ഡലത്തിൽ 9 റൗണ്ട് എണ്ണിക്കഴിയുമ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 273 വോട്ടും ബദാര്‍പൂര്‍ മണ്ഡലത്തിൽ 7 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 96 വോട്ടുകളുമാണ് കിട്ടിയത്.
അതിനിടെ, മുഖ്യമന്ത്രിയെ ബിജെപി പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജന സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ സിംഗ് കൂട്ടിച്ചേർത്തു.
പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്.
വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ലീഡ് നില മാറി മറിയുമ്പോള്‍ ബിജെപിയാണ് ലീഡില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ബിജെപി 45 സീറ്റിലും എഎപി 25 സീറ്റിലും മുന്നിലാണ്.