ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കും; ഒരു സഖ്യ രൂപീകരണത്തിനും ഇല്ല: കേജ്‍രിവാൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്‍രിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ആംആദ്മി പാർട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണ്. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതിൽ നടപടി എടുക്കാതെയാണ് എഎപി എംഎൽഎ നരേഷ് ബില്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്നും കേജ്‍രിവാൾ ചോദിച്ചു.

ഇന്നലെ സാവിത്രി നഗർ ഏരിയയിൽ പ്രചാരണത്തിനിടെയാണ് കേജ്‍രിവാളിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കേജ്‍രിവാളിന്റെ ശരീരത്തിലും ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *