നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയിൽ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
ഭരണവിരുദ്ധ വികാരവും ചില നിയമസഭാംഗങ്ങൾക്കെതിരായ ‘പൊതുരോഷവും’ കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കാൻ ആംആദ്മി പാർട്ടി (എഎപി) തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗ്രൗണ്ട് സർവേകളുടെ അടിസ്ഥാനത്തിലാണ് അഴിച്ചുപണി. കഴിഞ്ഞ മാസം പുറത്തിറക്കിയ സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ നിന്ന് 3 സിറ്റിങ് നിയമസഭാംഗങ്ങളെ ഒഴിവാക്കിയിരുന്നു.
സമീപകാലത്ത് കോൺഗ്രസ്, ബിജെപി പാർട്ടികളിൽ നിന്നും എഎപിയിലെത്തിയ 6 നേതാക്കന്മാർ ആദ്യ പട്ടികയിലുണ്ടായിരുന്നു. മുൻ കോൺഗ്രസ് നേതാക്കളായ ചൗധരി സുബൈർ അഹമ്മദ്, വീർ ദിംഗൻ, സുമേഷ് ഷോക്കീൻ എന്നിവരും മുൻ ബിജെപി നേതാക്കളായ ബ്രഹ്മ് സിങ് തൻവാർ, അനിൽ ഝാ, ബിബി ത്യാഗി എന്നിവരുമാണ് ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത്.