ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബർ 13 നാണ് ഉമർ ഖാലിദ് ജയിലിലായത്. 4 വർഷവും മൂന്ന് മാസത്തിന് ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം ലഭിച്ചത്. നിരവധി തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമർ ഖാലിദിൻ്റെ അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായതിന് ശേഷം പലപ്പോഴായി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.