ഡൽഹി ഓർഡിനൻസിൽ രാഹുലിനെ വിമർശിച്ച് എഎപി

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. രാഹുൽ ഗാന്ധിയുടെ ‘മൊഹബത്ത് കി ദൂക്കാൻ’ മുദ്രാവാക്യത്തെ പരാമർശിച്ചായിരുന്നു സൗരഭിന്റെ വിമർശനം.

‘വെറുപ്പിന്റെ ചന്ത’ ഇന്ന് രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നതായി സൗരഭ് ഭരദ്വാജ് പറഞ്ഞു. ഈ അവസരത്തിലുള്ള രാഹുലിന്റെ ‘സ്‌നേഹത്തിന്റെ കട’യെന്ന ആശയം മികച്ചതാണ്. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ സഹായം തേടിയെത്തുമ്പോൾ കൈമലർത്തുന്നത് നിങ്ങളുടെ മുദ്രാവാക്യത്തിനെതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഹംഭാവത്തിന് ഒരു പരിധിയുണ്ട്. ഭരണമാറ്റത്തിന് ശേഷം നിലവിൽവരുന്ന സർക്കാർ അഹംഭാവത്തിനു മേലാണ് നിൽക്കുന്നതെന്ന തോന്നൽ ജനങ്ങൾക്കും മറ്റ് പാർട്ടികൾക്കുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിരവധി പാർട്ടികൾ പരസ്പരം മത്സരിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ പരസ്പരം മത്സരിക്കുന്നുണ്ട്. ബം​ഗാളിൽ കോൺ​ഗ്രസും ഉടതുപക്ഷവും തമ്മിലാണ് മത്സരം. കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും എതിരാളികളാണ്. എന്നാൽ നിലവിലെ സാഹര്യത്തിൽ ഇത്തരം വൈരുദ്ധ്യങ്ങളെല്ലാം മറന്ന് പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി ഓർഡിനൻസിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പട്നയിൽ ചേർന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തിനുശേഷംനടന്ന സംയുക്ത പത്രസമ്മേളനം മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ബഹിഷ്കരിച്ചിരുന്നു. കോൺഗ്രസ് പരസ്യമായി ഓർഡിനൻസിനെ തള്ളിപ്പറഞ്ഞില്ലെങ്കിൽ കോൺഗ്രസ് പങ്കെടുക്കുന്ന ഭാവി ഐക്യയോഗങ്ങളിൽ ഉണ്ടാവില്ലെന്നും കെജ്‌രിവാൾ മുന്നറിയിപ്പുനൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *