ഡൽഹിയിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി; അമ്മയുടെ ലിവിങ് ടുഗെതർ പങ്കാളി അറസ്റ്റിൽ

ഡൽഹിയിൽ അമ്മയുടെ ലിവിങ് ടുഗെതർ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. നോർത്ത് ഡൽഹിയിലെ ബുറാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 29 വയസുകാരനായ പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ള അവർ എട്ട് വർഷം മുമ്പ് ഭർത്താവുമായി പിരിയുകയും പിന്നീട് അങ്കിത് യാദവുമായി ലിവിങ് ടുഗെതർ ബന്ധത്തിലാവുകയും ചെയ്തതായി പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ അങ്കിത് ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ജൂലൈ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മ ആശുപത്രിയിൽ പോയിരുന്ന സമയത്ത് മൂന്ന് കുട്ടികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം ദുരുപയോഗം ചെയ്ത അങ്കിത്, പ്രായപൂർത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയതായും നേരത്തെയും പ്രതി ഇതുപോലെ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ അമ്മ തന്നെ വിവരം പൊലീസിൽ അറിയിച്ചു. പരാതി ലഭിച്ച ഉടനെ തന്നെ നടപടി എടുത്തതായും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *