ഡൽഹിയിൽ വീണ്ടും പൊളിക്കൽ: പ്രതിഷേധിച്ച സ്ത്രീകളടക്കം അറസ്റ്റിൽ

ഡൽഹി മെഹ്‌റോളിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിക്കുന്നതിന്റെ രേഖകളുമായി വന്ന സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം മലയാളികളും പ്രദേശത്തുണ്ട്. നിയമാനുസൃതമായ പൊളിക്കൽ നടപടികൾ തുടരുമെന്നു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കി.

മെഹ്‌റോളി അന്ദേരിയ മോഡിനു സമീപം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതു ഡിഡിഎ നിർത്തിവയ്ക്കണമെന്നു ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തു വീണ്ടും അതിർത്തി നിർണയം നടത്താനും ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം നൽകി. അന്ദേരിയ മോഡിൽ ആർക്കിയോളജിക്കൽ പാർക്കിനു സമീപത്തെ കയ്യേറ്റമൊഴിപ്പിക്കൽ തുടരുമെന്നാണു ഡിഡിഎയുടെ നിലപാട്.

കനത്ത പൊലീസ് കാവലിലാണ് കയ്യേറ്റമൊഴിപ്പിക്കൽ തുടരുന്നത്. ചില കെട്ടിടങ്ങളുടെ ഉടമകൾ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവു നേടി. വമ്പൻ കെട്ടിടങ്ങൾ ഉൾപ്പെടെയാണ് പൊളിക്കുന്നത്. മാർച്ച് 9 വരെ നടപടികൾ തുടരുമെന്നാണ് സൂചന. 

Leave a Reply

Your email address will not be published. Required fields are marked *