ഡൽഹിയിൽ ഭർതൃമാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു

ഡൽഹിയിൽ 86കാരിയായ ഭർതൃമാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു. തെക്കൻ ഡൽഹിയിലെ നെബ് സരായ് പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. സന്ധിവാതം ബാധിച്ച ഭർതൃമാതാവിനെ പരിചരിക്കേണ്ടി വന്നതിനാൽ പ്രതി നിരാശയിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്.

സുർജിത് സോം (51), ഭാര്യ ശർമിഷ്ട സോം (48), അവരുടെ 16 വയസ്സുള്ള മകൾ എന്നിവർ 2014 മുതൽ നെബ് സരായ് സ്വസ്തിക് റസിഡൻസിയിലാണ് താമസിക്കുന്നത്. ഇവരുടെ തൊട്ടു മുന്നിലുള്ള ഫ്‌ലാറ്റിലാണ് സുർജിതിൻറെ മാതാവ് ഹാസി സോം താമസിക്കുന്നത്. കൊൽക്കൊത്ത സ്വദേശികളായ ദമ്പതിമാർ 2014 മുതൽ ഇവിടെയാണ് താമസിക്കുന്നത്. കൊൽക്കൊത്തയിൽ ഒറ്റക്ക് താമസിച്ചിരുന്ന മാതാവിനെ 2022 മാർച്ചിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 28ന് ഹാസി സോമിനെ ഫ്‌ലാറ്റിൽ വീണ് രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ടതായി ഒരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ, മുഖത്തും തലയോട്ടിയിലും ഒന്നിലധികം മുറിവേറ്റ ഹാസി സോം അടുക്കളയിൽ കിടക്കുന്നതാണ് കണ്ടത്. തൻറെ അമ്മയ്ക്ക് ഏറെ നാളായി സന്ധിവാതം ബാധിച്ചിരുന്നുവെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സുർജിത് പറഞ്ഞു.കിടപ്പുമുറിയിൽ ഒരു ടേബിൾ സിസിടിവി ക്യാമറ കണ്ടെത്തിയെങ്കിലും ഇതിൽ ദൃശ്യങ്ങളൊന്നും കണ്ടെത്തിയില്ല.അമ്മയുടെ ദിനചര്യകൾ നിരീക്ഷിക്കുന്നതിനാൽ തൻറെ ഫോണിൽ സിസി ടിവി ദൃശ്യങ്ങൾ കാണാമായിരുന്നുവെന്ന് മകൻ പറഞ്ഞു. പവർകട്ട് കാരണം സംഭവ ദിവസം ക്യാമറ പ്രവർത്തിച്ചിരുന്നില്ലെന്നും സുർജിത് വ്യക്തമാക്കി. തുടക്കത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് കൊണ്ടുപോയി ഏപ്രിൽ 29 ന് പോസ്റ്റ്മോർട്ടം നടത്തി.സാധാരണ വീഴ്ചകൊണ്ട് ഇത്തരം പരിക്കുകൾ ഉണ്ടാകില്ലെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചാണ് വിശദമായ അന്വേഷണം നടത്തിയത്.

അമ്മയും മുത്തശ്ശിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ലെന്ന് സുർജിത്തിൻറെ മകൾ പറഞ്ഞു. അമ്മൂമ്മയെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല, സുർജിത്തും ഇക്കാര്യം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.സംഭവ ദിവസം ശർമ്മിഷ്ഠ മാത്രമാണ് ഫ്‌ലാറ്റിൽ ഉണ്ടായിരുന്നത്.അമ്മ മരിച്ച ദിവസം പൊലീസിനെ വിളിക്കുന്നതിന് മുമ്പ് കിടപ്പുമുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പുറത്തെടുത്തതായി സുർജിത് പറഞ്ഞു.ഏപ്രിൽ 28ന് രാവിലെ 10.30ഓടെ കയ്യിൽ ഫ്രൈ പാനുമായി ശർമ്മിഷ്ഠ ഹാസി സോമിന്റെ ഫ്‌ലാറ്റിലേക്ക് പോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ശർമ്മിഷ്ഠ ഹാസിയെ ഫ്രൈ പാൻ തുടരെതുടരെ അടിക്കുന്നതും അവർ നിലവിളിക്കുന്നതും വീഡിയോയിൽ കണ്ടു. കൊലപാതകത്തിനു ശേഷം പ്രതി തുണി കൊണ്ട് പാൻ വൃത്തിയാക്കുകയും ചെയ്തു.

സുർജിത് മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കുകയും അന്ത്യകർമങ്ങൾക്ക് ശേഷം ദൃശ്യങ്ങൾ കാണുകയും ചെയ്തു.അമ്മയുടെ ഫ്‌ലാറ്റിലേക്ക് ഭാര്യ പോകുന്നതും ഇയാൾ കണ്ടു. തുടർന്ന് പൊലീസിനോട് സംഭവത്തെക്കുറിച്ച് പറയുകയും ചെയ്തു. ശരീരമാസകലം 14 മുറിവുകളുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സുർജിത്തിൻറെ സാക്ഷിമൊഴി, സിസിടിവി ദൃശ്യങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശർമ്മിഷ്ഠയെ അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *