ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ സമിതി; അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ രൂപവത്കരിച്ച സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ നവംബര്‍ 20-ന് കമ്മിറ്റി രൂപവത്കരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ സജീവമായി കൈക്കൊള്ളുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. അംഗങ്ങളെ ഒരാഴ്ചയ്ക്കകം നാമനിര്‍ദേശം ചെയ്യാനാണ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

യൂറോപ്യന്‍ യൂണിയന്‍പോലുള്ള വിദേശരാജ്യങ്ങളിലെ ചട്ടങ്ങളും നിയമപരമായ ചട്ടക്കൂടുകളും സമിതി പരിഗണിക്കും. ഇടനില പ്ലാറ്റ്‌ഫോമുകള്‍, ടെലികോം സേവനദാതാക്കള്‍, ഡീപ്ഫേക്കുകളുടെ ഇരകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ ഡീപ്ഫേക്കുമായി ബന്ധപ്പെട്ട പങ്കാളികളുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും സമിതിയോട് കോടതി നിര്‍ദേശിച്ചു. ഒരുവ്യക്തിയുടെ സാദൃശ്യം മറ്റൊരാളിലേക്ക് പകര്‍ത്തി അവരുടെ വാക്കുകളും പ്രവൃത്തികളും മാറ്റുകയും അതുവഴി തെറ്റായ വിവരണങ്ങള്‍ അവതരിപ്പിക്കുകയും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഡീപ്ഫേക്ക്.

Leave a Reply

Your email address will not be published. Required fields are marked *