‘ഡിഗ്രി കൊണ്ടൊന്നും കാര്യവുമില്ല, പകരം പഞ്ചര്‍ കട തുടങ്ങൂ’; വിദ്യാര്‍ഥികള്‍ക്ക് ‘ഉപദേശ’വുമായി മധ്യപ്രദേശിലെ ബി.ജെ.പി. എംഎല്‍എ

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ‘ഉപദേശ’വുമായി മധ്യപ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. ഡിഗ്രിയെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ജീവിക്കാനായി വിദ്യാര്‍ഥികള്‍ മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ കട തുടങ്ങണമെന്നുമാണ് ഗുണ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ പന്നാലാല്‍ ശാക്യ വിദ്യാര്‍ഥികളോട് പറഞ്ഞത്. തന്റെ മണ്ഡലത്തിലെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സി’ന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

‘നമ്മള്‍ ഇന്നിവിടെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സ്’ തുറക്കുകയാണ്. ഒരു വാചകം മനസില്‍ സൂക്ഷിക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. കോളേജില്‍ നിന്നുള്ള ഡിഗ്രികൊണ്ട് ഒരുകാര്യവും ഉണ്ടാകാന്‍ പോകുന്നില്ല. പകരം, ഒരു മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ കട തുറന്നാല്‍ ജീവിക്കാനുള്ള വക സമ്പാദിക്കാം.’ -ബി.ജെ.പി. എം.എല്‍.എ. പന്നാലാല്‍ ശാക്യ പറഞ്ഞു. മധ്യപ്രദേശിലെ 55 ജില്ലകളിലെ പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തത്. ഇന്ദോറിലെ അടല്‍ ബിഹാരി വാജ്‌പേയ് ഗവ. ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജായിരുന്നു പ്രധാന ഉദ്ഘാടന വേദി.

Leave a Reply

Your email address will not be published. Required fields are marked *