ഡല്‍ഹി അരുംകൊല; ഒരു പശ്ചാത്താപവുമില്ലെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

ഡല്‍ഹി രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പശ്ചാത്താപവും ഇല്ലെന്ന് പ്രതി സാഹില്‍. അവള്‍ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല. സാഹില്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച വൈകീട്ടാണ് ഡല്‍ഹിയെ നടുക്കിയ അരുംകൊല നടന്നത്. ഡല്‍ഹി രോഹിണിയിലെ വഴിയില്‍ വെച്ച് സുഹൃത്തിന്റെ മകന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ സാക്ഷി ദീക്ഷിത് എന്ന പെണ്‍കുട്ടിയെയാണ് സാഹില്‍ കുത്തിക്കൊലപ്പെടുത്തിയത്. 22 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. നിലത്തു വീണ പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പാക്കി. 

ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. എസി റിപ്പയറിങ്ങ് ജോലി ചെയ്തുവരികയായിരുന്നു പ്രതി സാഹില്‍. പെണ്‍കുട്ടിയുമായി പ്രതി മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും, ബന്ധം അവസാനിപ്പിക്കാമെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 

ബന്ധം പിരിയാമെന്ന പെണ്‍കുട്ടിയുടെ തീരുമാനം സാഹിലിന് അംഗീകരിക്കാനായില്ല. വീണ്ടും അടുത്തെത്തിയ സാഹിലിനെ കളിത്തോക്ക് ചൂണ്ടി പെണ്‍കുട്ടി വിരട്ടിയോടിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. നിരന്തരം തന്നെ അവഗണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സാഹില്‍ പൊലീസിനോട് വ്യക്തമാക്കി. 

കൊലപാതകത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ബുലന്ദ്ശഹറിലെ ബന്ധുവിട്ടിലേക്ക് മുങ്ങുകയായിരുന്നു. ബസിലാണ് പോയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വഴിയില്‍ ഉപേക്ഷിച്ചതായും സാഹില്‍ പൊലീസിനെ അറിയിച്ചു. പാറക്കല്ലുകൊണ്ടുള്ള ഇടിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശിരസ് പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *