കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച ഡൽഹിയിൽ പ്രവേശിക്കും. ഹരിയാണയിലെ ബദർപുർ അതിർത്തിയിൽനിന്ന് ചെങ്കോട്ടവരെ 22 കിലോമീറ്ററാണ് യാത്ര.
പ്രമുഖ ചലച്ചിത്രനടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ, രക്തസാക്ഷി ഭഗത് സിങ്ങിന്റെ മരുമകൻ മേജർ ജനറൽ ഷിയോറ സിങ് തുടങ്ങിയവർ യാത്രയിൽ അണിചേരും. എല്ലാ പ്രതിപക്ഷ എം.പി.മാരെയും യാത്രയിലേക്ക് രാഹുൽ ക്ഷണിച്ചു.
തമിഴ്‌നാട്ടിൽ ഡി.എം.കെ.യുടെ സഖ്യകക്ഷിയായ കോൺഗ്രസ്, കമൽഹാസനെ യാത്രയിലേക്ക് ക്ഷണിച്ചതോടെ മക്കൾ നീതി മയ്യവും മുന്നണിയുടെ ഭാഗമായേക്കുമെന്നാണ് സൂചന. യാത്രയെ വരവേൽക്കുന്നതിന്റെ ഭാഗമായി ഡൽഹി പി.സി.സി.യിൽ ബൂത്ത്‌തലം മുതൽ സംസ്ഥാനതലംവരെയുള്ള നേതൃയോഗങ്ങൾ ചേർന്നു. രണ്ടുക്യാമ്പുകൾ ഒരുക്കി. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ എ.ഐ.സി.സി. ആസ്ഥാനത്ത് യോഗം ചേർന്നു.