ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളുടെ ഭാര്യക്ക് വിവാഹമോചനത്തിന് അർഹതയുണ്ട്: മധ്യപ്രദേശ് ഹൈക്കോടതി

സ്വത്ത് തർക്കത്തിന്റെ പേരിൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആളിൽ നിന്നും ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് സംഭവം.

ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് രാജേന്ദ്ര കുമാർ വാണി എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം. ഇത്തരം സംഭവങ്ങളിൽ വിവാഹ മോചനം അനുവദിക്കാത്തത് സ്ത്രീയോട് ചെയ്യുന്ന മാനസിക ക്രൂരതയാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം. 

2011ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. 2020ലാണ് ഭർത്താവ് പീഡിപ്പിക്കുന്നതായും ഭർത്താവ് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടതായും വ്യക്തമാക്കി സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാൽ ഭർത്താവ് ക്രിമിനൽ കേസിൽ പ്രതിയായത് മൂലം വിവാഹമോചനം അനുവദിക്കാനാവില്ലെന്നും യുവതിയെ ശാരീരികമായി പീഡിപ്പിച്ചതിന് തെളിവില്ലെന്നും കാണിച്ച് കുടുംബ കോടതി അപേക്ഷ തള്ളുകയായിരുന്നു.

ഇതിന് പിന്നാലെയാണ് യുവതിയും മകളും ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ക്രിമിനൽ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. ഇതിൽ ഒരു കേസിൽ ജീവപര്യന്തം ശിക്ഷയും ലഭിച്ചതും നിരീക്ഷിച്ച ശേഷമാണ് കോടതിയുടെ തീരുമാനം. 

സ്വത്ത് തർക്കത്തിന്റെ പേരിൽ സ്വന്തം പിതാവിനെ തന്നെ കൊലപ്പെടുത്തിയ ആളാണ് ഭർത്താവെന്നും നിയന്ത്രണമില്ലാത്ത രീതിയിൽ ക്ഷുഭിതനാവുന്ന ഒരാൾക്കൊപ്പം താമസിക്കുന്നത് ക്ലേശകരമാണെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്കൊപ്പം ജീവിക്കുന്നത് മകൾക്ക് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.

ആറ് വർഷത്തോളം ഈ പശ്ചാത്തലത്തിൽ വളർന്നത് കുഞ്ഞിന്റെ മാനസികാരോഗ്യത്തെ വരെ ബാധിക്കാൻ സാധ്യയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി യുവതിക്ക് വിവാഹ മോചനം അനുവദിച്ചത്. കേസ് തള്ളിയ ഗ്വാളിയോറിലെ കുടുംബ കോടതിയേയും ഹൈക്കോടതി വിമർശിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *