ജി20 ഉച്ചകോടിയിൽ മോദിക്ക് മുന്നിലെ ഡെസ്‌ക് പ്ലേറ്റിൽ ‘ഭാരത്’; ‘ഇന്ത്യ’യെ ഒഴിവാക്കി

ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്‌ക് പ്ലേറ്റിൽ ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നെഴുതിയത് ചർച്ചയാകുന്നു. ലോകനേതാക്കളുടെ സാന്നിധ്യത്തിൽ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത്. ഇതോടെ രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാക്കുകയാണ്.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു. മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതിൽ പേടിച്ചിട്ടാണ് രാജ്യത്തിന്റെ പേരിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇതിനിടെയാണ് ജി20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു പ്രദർശിപ്പിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചിരുന്നു. ‘ഭാരത്’ എന്ന ഡെസ്‌ക് പ്ലേറ്റിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *