ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നു; അഖിലേഷ്

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സഖ്യത്തിലുണ്ടായ തർക്കത്തിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാത്തത് ഇതേ കോൺഗ്രസ് പാർട്ടിയായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന്. ഇപ്പോൾ ജാതി സെൻസസ് വേണം എന്ന കോൺഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവർ തിരഞ്ഞുകൊണ്ടിരിക്കുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നു – അഖിലേഷ് യാദവ് പറഞ്ഞു.

സീറ്റുവിഭജനത്തിനുള്ള ‘ഇന്ത്യ’യുടെ നാലാംയോഗത്തിന്റെ വേദിക്കാര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്തതടക്കമുള്ള കാരണങ്ങളാൽ വൈകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. മധ്യപ്രദേശിൽ തങ്ങൾക്ക് സീറ്റുനൽകാതെ ആംല ഒഴികെയുള്ള എല്ലാ സീറ്റിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് എസ്.പി.യെ ചൊടിപ്പിച്ചത്. നിയമസഭാതിരഞ്ഞെടുപ്പുകളിൽ സീറ്റുധാരണയ്ക്ക് കോൺഗ്രസ് തയ്യാറല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് സീറ്റുധാരണയ്ക്ക് ശ്രമിക്കേണ്ടതില്ലെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം തന്നെ തുറന്നടിച്ചിരുന്നു. തങ്ങൾ ‘ഇന്ത്യ’ യോഗത്തിൽ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *