ജമ്മു കാശ്‌മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ട നിലയിൽ

ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിലാൽ അഹമ്മദ് ഭട്ട് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ വെടിയേറ്റതിന്റെ മുറിവുകളുണ്ട്. അനന്ത്‌നാഗിലെ പത്രിബാൽ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ആർമിയും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ ഭീകരർ ടെറിടോറിയൽ ആർമിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെ തട്ടികൊണ്ടുപോവുകയായിരുന്നു. അനന്ത്നാഗിലെ കൊക്കർനാഗ് പ്രദേശത്തെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരും. ഇവരിൽ ഒരാൾ രക്ഷപ്പെട്ട് തിരികെയത്തി. അദ്ദേഹത്തിനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

ജമ്മു കാശ്‌മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. ഭീകരർക്കായി തെരച്ചിൽ വ്യാപിപ്പിച്ചതായി സൈന്യം അറിയിച്ചു. സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഈ വർഷമാദ്യം രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പ് ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ആയുധധാരികളായ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടപ്പെട്ടിരുന്നു. പാകിസ്ഥാൻ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദിന് കീഴിലുള്ള ‘കശ്മീർ ടൈഗേഴ്‌സ്’ ആണ് ആക്രമണം നടത്തിയത്.

ദിവസങ്ങൾക്ക് മുൻപ് ജമ്മു കാശ്മീരിലെ കുപ്‌വാരയിലുണ്ടായ നുഴഞ്ഞുകയറ്റം സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഓപ്പറേഷൻ ഗുഗൽധാർ എന്ന പേരിൽ നടത്തുന്ന തെരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. യുദ്ധസമാനമായ രീതിയിലുള്ള ആയുധ ശേഖരമാണ് കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *