ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നടന്ന വിവാദ ഫാഷൻ ഷോയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്ത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. റമദാൻ മാസത്തിൽ ഫാഷൻ ഷോ നടത്തിയതിനെ അപലപിച്ച മുഖ്യമന്ത്രി, സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
റമദാൻ അടക്കം ഒരിക്കലും നടത്താൻ പാടില്ലാത്ത കാര്യമാണിത്. സ്വകാര്യ പാർട്ടി മുൻകൂർ അനുമതി വാങ്ങാതെയാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടി നടത്തിയതിൽ സർക്കാറിന് പങ്കില്ലെന്നും നിയമലംഘന പ്രവർത്തനം ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ഏഴിനാണ് ഡിസൈനർ ജോഡികളായ ശിവൻ ആൻഡ് നരേഷ് ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഫാഷൻ വ്യവസായത്തിലെ 15-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് ഗുൽമാർഗിലെ മഞ്ഞുമൂടിയ പ്രദേശത്തായിരുന്നു നാലു ദിവസം നീണ്ട ഫാഷൻ ഷോ. പുണ്യമാസമായ റമദാനിൽ നടന്ന ഫാഷൻ ഷോ ജമ്മു കശ്മീരിൽ വലിയ വിവാദത്തിനാണ് വഴിവെച്ചത്. റമദാനിൽ ഫാഷൻ ഷോ നടത്തിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി മത-രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഫാഷൻ ഷോക്കെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്.