ചൈനീസ് മണി ആപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജൻസികളോടാവശ്യപ്പെട്ടു. പണം തിരിച്ചടക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ക്രൂരമായ രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നതായ പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ. ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയിൽ വിഷയം ഗുരുതരമായ ആഘാതം സൃഷ്ടിച്ചതായി മന്ത്രാലയം പറഞ്ഞു.
അമിതമായ പലിശ നിരക്കിലാണ് ഇത്തരം വായ്പകൾക്ക്. നിയമപരമായ പഴുതുകൾ ചൂഷണം ചെയ്താണ് ഇവ പ്രവർത്തിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തകാലത്ത് ചൈനീസ് നിയന്ത്രിത മണി ആപ്പുകളുടെ 9.82 കോടി രൂപ മരവിപ്പിച്ചിരുന്നു. കോൺഡാക്‌ടുകൾ, ലൊക്കേഷൻ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയടക്കം കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങൾ ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും പിന്നീട് ഉപയോഗിക്കും.
വ്യാജ ഇ-മെയിലുകൾ, ഫോൺ നമ്പറുകൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ ശൃംഖലയായാണ് ആസൂത്രിത തട്ടിപ്പ് നടക്കുന്നത്. ഇത്തരം ആപ്പുകൾ ദേശീയ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്ന തരത്തിൽ ഗൗരവമുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.