ചീറ്റകളുടെ മരണം; ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

ഇന്ത്യയിലേക്കെത്തിച്ച ചീറ്റകളുടെ വിഷയത്തില്‍ ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. പ്രോജക്ട് ചീറ്റ വിജയകരമായ ഒരു പദ്ധതിയായി തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വംശമറ്റു പോയ ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്കെത്തിച്ചത്. ആദ്യബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രായപൂര്‍ത്തിയായ മൂന്ന് ചീറ്റകള്‍ ചത്തു. ഇതോടൊപ്പം ജ്വാല എന്ന പെണ്‍ചീറ്റ ജന്മം നല്‍കിയ നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തു. ഇതോടെ പ്രൊജ്ക്ട് ചീറ്റയ്ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. “പ്രൊജ്ക്ട് ചീറ്റയെന്നത് ഒരു അന്താരാഷ്ട്ര പദ്ധതിയാണ്, മരണങ്ങളുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഒരു ചീറ്റ അവശത പ്രകടിപ്പിച്ചിരുന്നു. ചീറ്റകളുടെ മരണ കാരണവും പുറത്തു വിട്ടിട്ടുണ്ടെന്ന് വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്രിമന്ത്രി ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. പ്രൊജ്ക്ട് ചീറ്റ വന്‍വിജയമാകുമെന്നും രാജ്യം മൊത്തം അതില്‍ അഭിമാനം കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടുത്ത ചൂട് മൂലമാണ് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തതെന്നാണ് കരുതുന്നത്. 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തതിനെ തുടര്‍ന്ന് കേന്ദ്രം 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. പ്രൊജ്ക്ട് ചീറ്റയെന്ന പദ്ധതിയുടെ വിലയിരുത്തലും നിരീക്ഷണവുമാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *