ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അർപ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു.
ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് ചന്ദ്രയാന്‍-3 വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ചന്ദ്രയാന്‍-3 പേടകത്തെ നമ്മുടെ പ്രിയപ്പെട്ട LVM 3 ഇതിനോടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞു, വരുംദിവസങ്ങളില്‍ ചന്ദ്രന് സമീപത്തേക്ക് പേടകത്തിന് കൂടുതല്‍ മുന്നേറ്റം നടത്താനും ചന്ദ്രനിലെത്തിച്ചേരാനും സാധിക്കട്ടേയെന്ന് നമുക്ക് പ്രതീക്ഷിക്കാം”, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാകാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ചന്ദ്രയാന്‍-3 പേടകത്തിനെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ചെയര്‍മാനും സംഘവും. “ചന്ദ്രയാന്‍-3 അതിന്റെ കൃത്യമായ ഭ്രമണപഥത്തിലെത്തി, ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. ബഹിരാകാശപേടകത്തിന്റെ ആരോഗ്യനിലയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല”, ഐഎസ്ആര്‍ഒ സംഘം അറിയിച്ചു.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ ഒന്നാംഘട്ടം വിജയകരമായതില്‍ ഐഎസ്ആര്‍ഒ സംഘത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു.