ഗോവയിൽ ഇനി ട്രാൻസ്പോർട്ട് ബസ്സുകളെല്ലാം ഇലക്ട്രിക്

കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡീസല്‍ ബസുകള്‍ മുഴുവന്‍ ഒഴിവാക്കി ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറുമെന്ന് ഗോവ സര്‍ക്കാര്‍. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിനുമാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.

നിലവില്‍ നഷ്ടത്തിലാണെങ്കിലും എല്ലാവര്‍ക്കും യാത്രാസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ മുടക്കമില്ലാതെ സര്‍വീസുകള്‍ കോര്‍പ്പറേഷന്‍ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും എല്ലാവരും കാറുകളും ഇരുചക്രവാഹനങ്ങളും പരമാവധി ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമെന്ന് ഗോവ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഗോവയുടെ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1980-ലാണ് കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.ടി.സി.എല്‍) രൂപവത്കരിക്കുന്നത്. ഗോവയിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാന്‍ വന്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) അലുംനിയുടെ നിര്‍ദേശത്തിന് അടുത്തിടെ ഗോവ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 700 കോടി രൂപ നിക്ഷേപിക്കാമെന്നാണ് ഐ.ഐ.ടി അലുംനി വാദ്ഗാനം ചെയ്തിരിക്കുന്നത്. 500 ഇലക്ട്രിക് ബസുകള്‍ പുതുതായി നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ വരുന്നതോടെ പുതിയ റൂട്ടുകളിലടക്കം അവ ഓടിക്കാനും സംസ്ഥാനാന്തര സര്‍വീസുകളടക്കം വര്‍ധിപ്പിക്കാനുമാണ് കെ.ടി.സി.എല്ലിന്റെ തീരുമാനം. 500 ലധികം ഡീസല്‍ ബസ്സുകളാണ് നിലവില്‍ കെ.ടി.സി.എല്ലിനുള്ളത്. ഇലക്ട്രിക് ബസ്സുകളാകട്ടെ 54 എണ്ണം മാത്രവും. മൂന്ന് വര്‍ഷം മുമ്പാണ് കെ.ടി.സി.എല്‍ ഇലക്ട്രിക് ബസുകള്‍ ഓടിച്ചുതുടങ്ങിയത്. 500 ലധികം ഇലക്ട്രിക് ബസുകള്‍ ഒഴിവാക്കി ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറുമെന്നാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *