ഗെയിമിങ് സെന്ററിലെ തീപ്പിടിത്തം: കമ്പനി സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ  പിടിയിൽ

രാജ്കോട്ട് ദുരന്തത്തിൽ ടിആർ.പി ഗെയിമിങ് സെന്റർ സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്.

കേസിൽ നേരത്തെ പിടിയിലായ മൂന്ന് പ്രതികളെ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സ‌ർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്തദിവസം പ്രാഥമിക റിപ്പോർട്ട് നൽകും. 

അതേസമയം, ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ഒൻപത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ രാത്രിയോടെ കൂടുതൽ ഫലങ്ങൾ പുറത്തുവരും. കഴിഞ്ഞ ദിവസം വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആശുപത്രിയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. 27 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്കോട്ട് പൊലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും ലഭിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *