ഗൂഗിൾ മാപ്പ് ചതിച്ചാശാനേ…,എയർപോർട്ടിലെത്താൻ ഒന്നര മണിക്കൂർ; എത്തിച്ചത് മൂന്ന് മണിക്കൂർ കൊണ്ട്, വിമാനം അതിന്റെ വഴിക്കുപോയി

ഗൂഗിൾ മാപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നഗരത്തിലായാലും നാട്ടിൻപുറങ്ങളിലൂടെയായാലും വഴി പരിചയമില്ലാത്തവർക്ക് ഹ്രസ്വ-ദീർഘദൂര യാത്രകൾക്ക് ഉറ്റ ചങ്ങാതിയാണ് ഗൂഗിൾ മാപ്പ്. എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു യാത്ര ചെയ്തവർ വലിയ അപകടങ്ങളിലും അബദ്ധങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എങ്കിലും ഗൂഗിൾ മാപ്പ് യാത്രികരുടെ ഉറ്റസുഹൃത്തുതന്നെ.

എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാൽ പണികിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് പറയുകയാണ് ഒരു യുവാവ്. അദ്ദേഹത്തിനു വിമാനം നഷ്ടമായെന്നു മാത്രമല്ല, വലിയ സാമ്പത്തികനഷ്ടവുമുണ്ടായി. ആശിഷ് കച്ചോലിയ എന്ന യുവാവാണ് തന്റെ അനുഭവം സമൂഹമാധ്യമമായ എക്സിൽ പങ്കിട്ടത്

ബംഗളൂരുവിൽനിന്നു വിമാനത്തിൽ മുംബൈയിലേക്കു സഞ്ചരിക്കാൻ ഇറങ്ങിയ ആശിഷിന് ഗൂഗിൾ മാപ്പ് തെറ്റായ വിവരം കാണിച്ചതിനാൽ എയർപോർട്ടിൽ സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. എയർപോർട്ടിലേക്കുള്ള യാത്രയ്ക്ക് ഗൂഗിൾ മാപ്പിൽ ഒന്നര മണിക്കൂർ സമയമാണ് കാണിച്ചത്. എന്നാൽ പറഞ്ഞതിലും ഇരട്ടി സമയമെടുത്ത് മൂന്നു മണിക്കൂർ വേണ്ടിവന്നു ആശിഷിന് വിമാനത്താവളത്തിലെത്താൻ. അപ്പോഴേയ്ക്കും വിമാനം അതിന്റെ വഴിയ്ക്കും പോയി.

‘ഇന്നലെ ഗൂഗിൾ മാപ്പിലെ പിശക് കാരണം ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ഫ്ളൈറ്റ് യാത്ര മുടങ്ങി. എയർപോർട്ടിലേക്കുള്ള യാത്രയ്ക്ക് ഒന്നേമുക്കാൽ മണിക്കൂറെടുക്കുമെന്നാണ് ഗൂഗിൾ മാപ്പിൽ കാണിച്ചതെങ്കിലും എയർപോർട്ടിലെത്താൻ മൂന്ന് മണിക്കൂർ എടുത്തു…’ എക്സിലെ പോസ്റ്റിൽ ആശിഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *