ഗവര്‍ണറെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സി.പി.എം നേതാവ് വൃന്ദ കാരാട്ട്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സി.പി.എം നേതാവ് വൃന്ദ കാരാട്ട്. ബിജെപി അജണ്ട നടപ്പാക്കുന്ന ഗവര്‍ണര്‍ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാര്‍ഥിയായിത്തന്നെ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കട്ടേയെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

‘രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹമത് ചെയ്യണം. കാരണം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കണം’, വൃന്ദാ കാരാട്ട് പറഞ്ഞു.

”തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഉചിതം. ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ നിന്നും മത്സരിക്കൂ’, അവര്‍ കൂട്ടിച്ചേര്‍ത്തു.

ദിവസേന പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഗവര്‍ണര്‍ പരിഹരിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *