രാജ്യത്ത് നടന്ന കർഷക സമരത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിന് പാർട്ടി നേതൃത്വം തന്നെ ശാസിച്ചെന്ന് ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണൗത്ത്. ഭാവിയിൽ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു ടെലിവിഷൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്.
‘പാർട്ടി നേതൃത്വം എന്നെ ശാസിച്ചു. അതിൽ എനിക്കൊരു പ്രശ്നവുമില്ല. പാർട്ടിയിലെ അവസാന വാക്ക് ഞാനല്ല. അങ്ങനെ കരുതാൻ മാത്രം വിഡ്ഡിയല്ല ഞാൻ. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. പാർട്ടിയുടെ നയത്തേയും നിലപാടിനേയും ഞാൻ മുറിവേൽപ്പിച്ചെങ്കിൽ അതിൽ എന്നേക്കാൾ മുറിവേൽക്കുന്നതായി ആരുമില്ല.’ -കങ്കണ റണൗത്ത് പറഞ്ഞു.
സർക്കാർ ശക്തമായി നിലകൊണ്ടില്ലായിരുന്നെങ്കിൽ കർഷകസമരം ഇന്ത്യയിൽ ബംഗ്ലാദേശിന് സമാനമായ പ്രതിസന്ധി ഉണ്ടാക്കുമായിരുന്നു എന്നായിരുന്നു കങ്കണയുടെ വിവാദ പരാമർശം. സമരത്തിന് പിന്നിലെ ഗൂഢാലോചനയിൽ ചൈനയ്ക്കും യു.എസ്സിനും പങ്കുണ്ടെന്നും ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നുള്ള എം.പിയായ കങ്കണ റണൗത്ത് പറഞ്ഞിരുന്നു. കങ്കണയുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷപാർട്ടികളിൽ നിന്നുയർന്നത്.