കർണാടകയിൽ എംഎൽഎമാരുടെ കൂടുമാറ്റം സംബന്ധിച്ച് കോൺഗ്രസ്ബിജെപി വാക്‌പോര്. 50 കോൺഗ്രസ് എംഎൽഎമാർ പാർട്ടി മാറ്റത്തിനായി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി മുൻ മന്ത്രിയും ബിജെപി നേതാവുമായ മുരുകേഷ് നിറാനി അവകാശപ്പെട്ടു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നില്ല. എന്നാൽ മണ്ഡലത്തിലെ വികസനത്തിനു പണം ലഭിക്കാത്ത എംഎൽഎമാർ ബിജെപിയിൽ ചേരാനായി മുന്നോട്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ തെളിവാണു പ്രസ്താവനയെന്നും 50 എംഎൽഎമാരെ കൂറുമാറ്റാനുള്ള പണത്തിന്റെ സ്രോതസ്സ് നിറാനി വ്യക്തമാക്കണമെന്നും മന്ത്രി പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു. ബിജെപിയുടേതു പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണെന്നും ഒരു എംഎൽഎയെ പോലും ഒപ്പം കൂട്ടാൻ ബിജെപിക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ജനതാദൾ എസ് പാർട്ടികളിൽ നിന്നായി 25 എംഎൽഎമാർ കോൺഗ്രസിൽ ചേരുന്നതിനായി സമീപിച്ചതായി വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വെളിപ്പെടുത്തി. കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി ശ്രമിച്ചാൽ ഇവരെ മുഴുവൻ പാർട്ടിയിലെത്തിക്കുമെന്നും പാട്ടീൽ പറഞ്ഞു.