കോൺഗ്രസ് മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയും എം.പിയുമായ പ്രണീത് കൗർ ബി.ജെ.പിയിലേക്ക്

കോൺഗ്രസ് എം.പി.യും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗർ ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, നേതാവ് തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് കൗർ ബി.ജെ.പിയിൽ ചേർന്നത്. അമരീന്ദർ സിംഗ് നേരത്തെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണീതിന്റെ പാർട്ടി പ്രവേശനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രണീത് കൗറിനെ നേരത്തെ കോാൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇവർ നാല് തവണ പട്യാല എം.പിയും ഒരു തവണ കേന്ദ്ര മന്ത്രിയുമായിട്ടുണ്ട്.

‘നമ്മുടെ കുട്ടികളുടെ നല്ല ഭാവി ഉറപ്പാക്കാൻ കഴിവുള്ളവരോടൊപ്പം ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്’കൗർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തന്റെ നിയോജക മണ്ഡലത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രണീത് കൂട്ടിച്ചേർത്തു. പട്യാലയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ബി.ജെ.പി പറയുന്നത് പോലെയാണെന്ന് കൗർ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി മോദി ചെയ്ത പ്രവർത്തനങ്ങളെ കൗർ പ്രശംസിച്ചു. ‘ഇന്ന് ബി.ജെപിയിൽ ചേർന്നതിൽ ഞാൻ സന്തോഷിക്കുന്നു. കഴിഞ്ഞ 25 വർഷം ഞാൻ നിയമ സഭയിലും ലോക്സഭയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ ‘വികസിത് ഭാരത്’ പോലെയുള്ള നയങ്ങളും പ്രവർത്തനങ്ങളും എല്ലാവരും കാണേണ്ട സമയം വന്നിരിക്കുന്നു. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സുരക്ഷിതമാക്കി മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്’. കൗർ പറഞ്ഞു.

പ്രീണത് കൗറിനെപ്പോലുള്ള നേതാക്കളെ പാർട്ടിയിൽ ഉണ്ടാവുന്നത് പഞ്ചാബിൽ ബി.ജെ.പിയെ കൂടുതൽ ശക്തമാക്കുമെന്ന് വിനോദ് താവ്‌ഡെ പറഞ്ഞു. കൗറിന്റെ മകൾ ഇന്ദർ കൗറും ബി.ജെ.പിയിലാണ്. പട്യാലയിൽ നിന്ന് ജയ് ഇന്ദറിനെ മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ, കഴിഞ്ഞ വർഷം മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്ത എത്തിക്‌സ് കമ്മിറ്റിയിലെ ഏക പ്രതിപക്ഷ അംഗം പട്യാല എം.പി മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *