കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ

യു.പി.എ ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ കാണാനും സ്വാധീനിക്കാനും വ്യവസായി ഗൗതം അദാനി ശ്രമിച്ചുവെന്ന് വെളിപ്പെടുത്തൽ. പാർട്ടിയുടെ ഉന്നത നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ് എന്നിവർ വഴിയായിരുന്നു അദാനിയുടെ ശ്രമമെന്നും എന്നാൽ, ഇതിൽ അദാനി വിജയിച്ചില്ലെന്നും മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ​’ദി ഇലക്ഷൻ ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ​’ എന്ന പുസ്തകത്തിൽ പറയുന്നു.

ഇടതുനേതാക്കൾ തനിക്കെതിരെ രാഹുലിനെ ചില കാര്യങ്ങൾ വിശ്വസിപ്പിച്ചെന്നും മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ അവർ രാഹുലിനെ കരുവാക്കുകയായിരുന്നുവെന്നാണ് അദാനിയുടെ ബോധ്യമെന്നും പുസ്തകത്തിൽ പറയുന്നു. റോബർട്ട് വാദ്ര വഴിയും രാഹുലിനെ സ്വാധീനിക്കാൻ ശ്രമമുണ്ടായി. ഇതിനായി മുന്ദ്ര തുറമുഖത്തേക്ക് റോബർട്ട് വാദ്രയെ ക്ഷണിക്കുകയും ചെയ്തു. രാഹുലുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനേയും അദാനി സമീപിച്ചു. എന്നാൽ, വിഷയത്തിൽ ജാഗ്രത പുലർത്തിയിരുന്ന ശരത് പവാർധ്യസ്ഥന്റെ റോളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്നും രാജ്ദീപ് സർദേശായി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അദാനിയുടെ വിമാനത്തിൽ മോദി സഞ്ചരിച്ചത് ചങ്ങാതിക്കൂട്ടായ്മയുടെ തെളിവായാണ് രാഹുൽ സ്വീകരിച്ചത്. ഇതേതുടർന്ന് ഇന്ത്യയെ ചങ്ങാത്ത മുതലാളിമാർ കീഴടക്കുന്നുവെന്ന് രാഹുലിന് ശക്തമായ തോന്നലുണ്ടായെന്ന് ഗാന്ധി കുടുംബത്തിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് രാജ്ദീപ് സർദേശായി പുസ്തകത്തിൽ പറയുന്നു.

രാഹുൽ ഗാന്ധി തങ്ങളെ നിരന്തരമായി വിമർശിക്കുമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അജണ്ട പലപ്പോഴും നിശ്ചയിച്ചിരുന്നത് ജയ്റാം രമേശായിരുന്നുവെന്നും അദാനി വിശ്വസിച്ചിരുന്നു. ഇതിന്റെ പേരിൽ ജയ്റാം രമേശിനോട് അദാനിക്ക് ദേഷ്യമുണ്ടായിരുന്നുവെന്നും രാജ്ദീപ് സർദേശായി പുസ്തകത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *